Saturday, January 8, 2022

ആത്മായനങ്ങളുടെ ജനിതകം /എം കെ ഹരികുമാർ /ഭാഗം മൂന്ന്

 


ഓര്‍മ്മകളുടെ ശാസ്ത്രം

"കൈത്തലത്തില്‍ നിന്ന്, വിരലുകള്‍ക്കിടയിലൂടെ ചോര്‍ന്നുപോകുന്ന പ്രഭാതം ആത്മായനങ്ങളുടെ സുരതസംഗീതമായിത്തീരുന്നു."
  'പ്രാണയാനങ്ങളുടെ സുരതസംഗീതം' വാസ്തവത്തില്‍ വായനക്കാരനായ എന്‍റെ അബോധത്തെയും അറിവിനെയും നിര്‍വ്വചിക്കുകയാണ് ചെയ്തത്. സ്വപ്നത്തെയും യാഥാര്‍ത്ഥ്യത്തെയും മറികടന്ന് പുതിയൊരു പ്ലാനറ്റ് കണ്ടെടുക്കകയാണ്. ഇതുനോക്കൂ: ബാല്യത്തിന്‍റെ ഓര്‍മ്മകള്‍ അവരെ തഴുകി. പ്രാണയാത്രകളുടെ ശിഥില സ്മരണകളിലൂടെ എന്നോ വാര്‍ന്നുപോയ കിനാവിന്‍റെ കാമുകി, ക്ഷണനേരത്തേക്ക് തിരിച്ചെത്തുകയാണ്. പെണ്‍കൂട്ടിന്‍റെ ഉദരത്തില്‍ മണ്ണിന്‍റെ പച്ചലികള്‍ അമര്‍ത്തിത്തേച്ചതും ചുണ്ടിന്‍റെ തുമ്പികള്‍കൊണ്ട് അവളെ കൊത്തിവലിച്ചതും മുഖത്തിന്‍റെ മൊട്ടുകളില്‍ കല്ലിന്‍റെ ഭസ്മം തൊടീച്ചതും അവളുടെ തുടകളില്‍ മുഖത്തിന്‍റെ ക്രോധം കൊണ്ട് ആശ്വാസം പകര്‍ന്നതും പ്രാണയാനങ്ങളിലൂടെ മടങ്ങിവരുന്നു."
'മനസിന്‍റെ കൂട്ടില്‍ നിന്ന് വ്യഥിത യാത്രകളുടെ മാന്‍പേട' ഓടിയിറങ്ങുന്നതായി തുടര്‍ന്നെഴുതിയത് ഒരു വിശദീകരണമാവുകയാണോ? മനുഷ്യന്‍റേത് എന്നും വ്യഥിതയാത്രകളായിരുന്നു. പഞ്ചഭൂതങ്ങള്‍കൊണ്ട് നിര്‍മ്മിതമായ ഈ ശരീരം, പഞ്ചഭൂതങ്ങള്‍ ഒന്നൊന്നായി പിരിയുന്നതോടെ ഇല്ലാതാവുന്നു. മനസ് സങ്കല്പിക്കുന്നു; അതിനു വഴങ്ങാത്ത ലോകവുമായുള്ള ഉരസലില്‍ മനുഷ്യനെന്താണ് ലഭിക്കുന്നത്?
രതിയെയും പ്രാണയാത്രയെയും ചേര്‍ക്കുന്നത്, എന്‍റെ മനസിന്‍റെ വ്യാമോഹമായിരുന്നു. കസന്‍ദ് സാക്കിസിന്‍റെ കൃതിയില്‍, തന്‍റെ ലൈംഗിക കാമനകള്‍ പൂര്‍ത്തീകരിക്കപ്പെടാതെ അവശേഷിച്ചതിനാല്‍ ആത്മീയപാത തടസ്സപ്പെട്ടതായി എഴുതിയത് വായിച്ചിട്ടുണ്ട്. അദ്ദേഹം ആ കാമനകള്‍ പൂര്‍ത്തീകരിക്കുന്നതിനായി ധ്യാനമാര്‍ഗത്തില്‍ നിന്ന് വിടുതല്‍ നേടുകയാണ്. എന്തിലും ധ്യാനിക്കുന്ന ബുദ്ധനുണ്ട്. സൂക്ഷിച്ചുനോക്കുകയേ വേണ്ടൂ. ഒരു തടാകത്തില്‍ ധ്യാനിക്കുന്ന ബുദ്ധനുണ്ട്. ഒരു വൃക്ഷത്തിലുണ്ട്. ഓരോ ശിഖരത്തിന്‍റെയും അഗ്രം ധ്യാനാത്മകമാണ്; ഒരിലയില്‍പ്പോലുമുണ്ട്. എന്നാല്‍ ഇതൊന്നും ആലോചിക്കാതെ അന്ന് ഞാനെഴുതിയത് ഇതാണ്: കാലവര്‍ഷത്തിന്‍റെ ധ്യാനനിമഗ്നമായ ശരീരവും കുട്ടികളുടെ ഇളകിമറിയുന്ന മനസ്സും പ്രാണയാനങ്ങളുടെ വിചിത്രനിമിഷങ്ങളാണ് തുറന്നിടുന്നത്.

മഴപെയ്യുമ്പോള്‍ കുട്ടികള്‍ കൂത്താടുന്നത് പ്രാണയാത്രയുടെ രതിയാണ്.

ഓരോ വസ്തുവും, മരിക്കാനായി ഇറങ്ങി തിരിച്ച ആസക്തികളെ പുറത്തു കൊണ്ടുവരുന്നതായി എഴുതിയത് ഇപ്പോള്‍ വ്യക്തമാവുന്നുണ്ട്. കാരണം വസ്തു കേവലാവസ്ഥയിലിരിക്കുമ്പോള്‍ അതിന് ഉള്ളടക്കമില്ല. അത് മറ്റൊന്നായി മാറാന്‍ തയ്യാറെടുക്കുകയാണ്. ഓരോന്നും ചിറകുവച്ച് മറ്റൊന്നിന്‍റെ ആത്മാവിലേക്ക് കയറുന്നു. ഒരു ചിത്രശലഭം പറക്കുന്നത് നോക്കി അതിന്‍റെ ചിത്രം വരയ്ക്കുന്നു ചിത്രകാരനെ ഓര്‍ക്കുക. ആ ശലഭം എന്തിന്‍റെയാണ്? പ്രേമത്തിന്‍റെ, ദുരൂഹതയുടെ വിശ്വാസത്തിന്‍റെ, മരണത്തിന്‍റെ? എന്തുകൊണ്ട് പാടില്ല. ശലഭത്തിനു പ്രേമത്തെ മാത്രം പ്രതീകവത്ക്കരിക്കേണ്ടതിന്‍റെ ആവശ്യമെന്താണ്? അതിനു പറക്കുന്ന പ്രക്രിയയില്‍ വിശ്വാസത്തെയും മരണത്തെയും പുല്‍കാന്‍ സാധിക്കും. എന്നാല്‍ അതിനെ വരയ്ക്കുന്നയാള്‍ ഇതിലേതാണ് തിരഞ്ഞെടുക്കുക എന്നത് ഒരു വലിയ ചോദ്യമാണ്. ചിത്രകാരന്‍റെ ചിന്ത, താത്ത്വികത, ദര്‍ശനം, അറിവ് തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചാണ് അതിന്‍റെ സാധ്യത. എന്നാല്‍ അവിടംകൊണ്ടു അവസാനിക്കുന്നില്ല. ചിത്രകാരന്‍ വരയ്ക്കുന്നത് മറ്റൊരു പാഠമായിരിക്കും. അയാളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട ശലഭത്തിന്‍റെ അദൃശ്യമായ മറ്റൊരവസ്ഥയാണ് അയാള്‍ കോറിയിടുന്നത്. അതിന്‍റെയര്‍ത്ഥം ആ ശലഭം, പ്രത്യക്ഷത്തിനപ്പുറം, ചിത്രകാരന്‍ കണ്ടറിഞ്ഞ മറ്റൊരു അവസ്ഥയെയും ഉള്‍ക്കൊണ്ടിരുന്നു എന്നതാണ്. എന്നാല്‍ ആ ശലഭത്തെ ഒരു ചിത്രകാരന്‍ മാത്രമല്ലല്ലോ കാണുന്നത്. പലരും കാണുന്നു, വരയ്ക്കുന്നു എന്ന് കരുതാവുന്നതാണ്. അതേ ശലഭം, പലരീതിയില്‍, പലവിതാനങ്ങളില്‍ പുനരവതരിക്കാന്‍ കാരണമെന്താണ്. ആ ശലഭം ഒന്നായിരുന്നില്ല. അത് അസംഖ്യമാണ്. നമ്മള്‍ പരാമര്‍ശിച്ച ശലഭം എവിടെയോ കേവല ഭാവത്തില്‍ നഷ്ടപ്പെടുകയും, മറ്റനേകം ശലഭങ്ങള്‍ ഉയര്‍ന്നുവരുകയും ചെയ്യുന്നു. ഇത് ഞാന്‍ 'ആത്മായനങ്ങളുടെ ഖസാക്കി'ല്‍ ഏറെക്കുറെ വിശദീകരിച്ചത് ഇങ്ങനെയാണ്: കൈത്തലത്തില്‍ നിന്ന്, വിരലുകള്‍ക്കിടയിലൂടെ ചോര്‍ന്നുപോകുന്ന പ്രഭാതം ആത്മായനങ്ങളുടെ സുരത സംഗീതമായിത്തീരുന്നു.

ഒരു പ്രഭാതത്തെ കൈക്കുമ്പിളില്‍ വാരിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍, അത് വിരലുകള്‍ക്കിടയിലൂടെ താഴേക്ക് ചോര്‍ന്നു വീണുകൊണ്ടിരുന്നു. ഒന്നും ഭദ്രമല്ല. ഓരോ നിമിഷവും ലോകത്തെ പുതുതാക്കുന്നു. ഓരോ സൂര്യനും പുതുതാണ്. ഓരോ സന്ധ്യയും ഉദിക്കുന്നതോടൊപ്പം അസ്തമിക്കുകയും ചെയ്യുന്നു. നഷ്ടപ്പെടുന്നതിനെ തേടിയിറങ്ങുന്നവരാകട്ടെ വിഷാദത്തിലേക്കും ഓര്‍മ്മയിലേക്കും വീഴുകയാണ്.
ഒരു ശലഭത്തെപ്പോലെ നമ്മളെല്ലാം സൃഷ്ടിനടത്തുകയാണ്. ഒരു ശലഭം, സൂര്യോദയം, സന്ധ്യ അനേകം ചിത്രകാരന്മാര്‍ക്ക് വേണ്ടി പല രൂപങ്ങള്‍ സൃഷ്ടിക്കുന്നതുപോലെ, ഓരോ മനുഷ്യനും അവനുവേണ്ടിയും മറ്റുള്ളവര്‍ക്ക് വേണ്ടിയും പുതുലോകങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
ഈ രചനയില്‍ ഞാന്‍ കുറേക്കൂടി പവിത്രമായ ഏതോ അസ്തിത്വത്തിന്‍റെ ഓരം ചേര്‍ന്നു നടന്നു. എനിക്കെല്ലാം വ്യക്തമായി എന്ന് അവകാശപ്പെടുന്നില്ല. എന്നാല്‍ വ്യക്തമാകാത്തതിനെയാണ് ഞാന്‍  പിന്തുടര്‍ന്നത്. എല്ലാം മനസിലാക്കാന്‍ കഴിയുന്ന സ്ഫടികസമാനമായ സുതാര്യതയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. എന്നെതന്നെ കുഴയ്ക്കുന്ന ആഴങ്ങളാണ് എന്നെ പ്രലോഭിപ്പിക്കുന്നത്. ഉത്തരമില്ലാത്ത ചോദ്യങ്ങളും, ഓരോ നിമിഷവും ലോകം വഴിതെറ്റി, ആശയവൈരുദ്ധ്യം കൊണ്ട് തകരുകയാണെന്ന് തോന്നിപ്പിക്കുന്ന സംഭവങ്ങളും എന്‍റെ അതാര്യത വര്‍ദ്ധിപ്പിക്കുന്നു. കണ്ടതിനേക്കാള്‍ മറഞ്ഞിരിക്കുന്ന വസ്തുതകള്‍ ഉണ്ടെന്ന് ചിന്തിപ്പിക്കുന്നതാണ് വഴിത്തിരിവാകുന്നത്.

"കല്ലുകള്‍ വാകയിലകള്‍ പോലെ സ്നിഗ്ദ്ധമാകുന്നു. വന്‍ വൃക്ഷങ്ങള്‍ ഇളം തളിരുകളുടെ സ്വകാര്യതയിലേക്ക് ഇറ്റുവീഴുകയാണ്. മഞ്ഞുപോലെ പെയ്യുന്ന ഖസാക്കിന്‍റെ പ്രാണയാനങ്ങളില്‍ വിരഹത്തിന്‍റെ ആദ്യനാഗരികത ഇഴുകിച്ചേര്‍ന്നിട്ടുണ്ട്. നിരാശ്രയമായ ഉന്മാദംപോലെ ഖസാക്കിലെ പ്രകൃതിയും സ്വച്ഛമായ വഴികളിലൂടെ സഞ്ചരിക്കുന്നു."

വാക്കുകളുടെ നിയതമായ അര്‍ത്ഥവും അതിന്‍റെ പശ്ചാത്തലവും മാത്രം നോക്കിയാല്‍ എനിക്ക് ഇങ്ങനെ എഴുതാനൊക്കില്ല. ഇത് എന്‍റെ അതാര്യതയാണ്. എനിക്ക് തന്നെ അദൃശ്യമായ ആന്തരികത. അത് ഒരു ഭാഷയായി രൂപാന്തരപ്പെടുകയാണ്. ചിലപ്പോള്‍ ഭാഷ കുറയൊക്കെ അത് തെളിച്ചെടുക്കുകയാണ്.
  എഴുത്ത് എന്ന പ്രക്രിയയില്‍, നമ്മുടെ ഉപരിതലത്തിലുള്ള മനസിനപ്പുറം അന്തര്‍ലോകങ്ങളുടെ ഏതോ വിശേഷവും കടന്നുവരുന്നുണ്ട്. ഒരു നോവല്‍ വായനയോ വിമര്‍ശനമോ ഇതുപോലെ വ്യക്തിപരമാകണമെന്ന് ഞാന്‍ നിര്‍ബന്ധം പിടിക്കില്ല. ഇത് എന്നെ വശീകരിച്ചുകൊണ്ടുപോകുന്ന പ്രാപഞ്ചികമായ ഒരു വഴിയാണ്. അറിവില്ലാത്തവനില്‍ മറ്റാരോ പ്രവര്‍ത്തിക്കുന്നതുപോലെ. "ദിവ്യരൂപങ്ങളും അതിഭൗതികമായ രക്ഷസ്സുകളും തമ്മിലുള്ള സംവാദത്തെക്കുറിച്ച് സൂചിപ്പിച്ചത് ഇതിന്‍റെ ഭാഗമാണെന്ന് സമാധാനിക്കാം.
ണവലി ംല മൃല ിീേ ൗൃലെ, ംല മൃല മഹീില
എന്ന് ഗ്രഹാംഗ്രീന്‍ (ഏൃമവമാ ഏൃലലി) പറഞ്ഞത് ഈ പാരായണത്തിലൂടെ എത്തിച്ചേരുന്ന ഒരു സത്യമായിരിക്കില്ലേ? 


 


ബോധ്യപ്പെടാത്തതെല്ലാം ഭാഷ കൊണ്ടുവരുന്നു

"ലോകത്തിന്‍റെ ചതുരങ്ങളില്‍ രാത്രിയുടെ ചിത്രമെഴുതി കാലം കഴിക്കുന്ന പ്രാണയാത്രകളെ ഓര്‍മ്മയില്‍ വീണ്ടെടുക്കുക"
നാം കാണുന്ന ദൃശ്യങ്ങള്‍ എവിടെയോ അവസാനിക്കുന്നു. അതിനപ്പുറം? ആ ദൃശ്യങ്ങള്‍ നാം കാണുന്നത്, നമ്മുടെ സ്വകാര്യതയുമാണ്. എന്തുകൊണ്ട് അത് സ്വകാര്യമാവുന്നു? അവ നമുക്കുവേണ്ടിയുള്ള അവബോധമാണ്. അതിനുവെളിയിലുള്ളത്. നാമറിയാതിരിക്കുന്നത് നമ്മുടെ സ്വകാര്യതയ്ക്ക് വേണ്ടിതന്നെയാണ്. അതുകൊണ്ട് നാം എന്താണോ അനുഭവിക്കുന്നത്, അതിനു നമ്മെ സാന്ത്വനിപ്പിക്കാനും സംരക്ഷിക്കാനുമുള്ള ശേഷിയുണ്ട്. ഓരോ അനുഭവവും ഏറെക്കുറെ സ്വകാര്യമാണ്. അത് വിഷമിപ്പിക്കുന്നതാവുമ്പോള്‍ പോലും അത് ഏകാത്മകമാണ്; മറ്റുള്ളവയില്‍ നിന്നുള്ളവേര്‍പെടുത്തലാണ്. അനുഭവം അതിന്‍റെയുള്ളില്‍ തന്നെ ഭദ്രമാണ്. കരയുന്ന കുട്ടി ആ കരച്ചിലില്‍ തന്നെ സുരക്ഷിതമാണ്. ആ കുട്ടി എന്തിന് തീയെക്കുറിച്ചും വെള്ളത്തെക്കുറിച്ചും ചിന്തിക്കണം? ഈ ചിന്ത ഇപ്പോള്‍ വ്യക്തമായതിനുകാരണം എന്‍റെ നവാദ്വൈത ദര്‍ശനമാണ്. എന്നാല്‍ 'ഇരുണ്ടപ്രവാസം' എന്ന അദ്ധ്യായത്തില്‍ ഒരു വാക്യമുണ്ട്: "ദൃശ്യങ്ങളുടെ പ്രപഞ്ചാതിര്‍ത്തിയിലെവിടെയോ ഉള്ള സ്വകാര്യതകളുടെ ദിവ്യമൂശ ഓരോരുത്തരെയും പ്രലോഭിപ്പിക്കുന്നത് നാമറിയുന്നു. പുഷ്പങ്ങളിലേക്ക് ചിത്രശലഭങ്ങളെപ്പോലെ മനുഷ്യര്‍ ഭൗതിക ഖരാവസ്ഥകളുടെ തളിരുകളിലേക്ക് ആസക്തരാവുകയാണ്. പദാര്‍ത്ഥത്തില്‍ നിന്ന് കാലത്തിന്‍റെ വിത്ത് സംഭരിക്കുമ്പോള്‍ ഹൃദയത്തിന്‍റെ പരാഗണം ജീവിത കാമനയായിത്തന്നെ തുടരുന്നുണ്ട്." ഈ ഭാഷയില്‍ മനസ് മറ്റൊന്നിലേക്ക് ചാഞ്ഞതിന്‍റെ അടയാളമുണ്ട്. എന്നാല്‍ അത് എവിടേക്കാണെന്ന് അറിയില്ല. എനിക്ക് സൂക്ഷ്മമായി ഗ്രഹിക്കാന്‍ കഴിയാതിരുന്നത് ഭാഷ കൊണ്ടുവന്നു തരുകയായിരുന്നു. ഖരാവസ്ഥയ്ക്ക് തളിരുണ്ടെന്നും അവിടേക്ക് മനുഷ്യര്‍ ആര്‍ത്തലച്ച് എത്തുകയാണെന്നും എഴുതിയിരിക്കുന്നു. പദാര്‍ത്ഥങ്ങളില്‍ കാലം ഇറങ്ങിപ്പോയതിന്‍റെ അടയാളമുണ്ട്. ഏത് വസ്തുവിലൂടെയും കാലം കയറിയിറങ്ങിപ്പോകുകയാണ്. പദാര്‍ത്ഥത്തില്‍ കാലം ഒരു വിത്തിട്ടിരിക്കുമല്ലോ. എങ്ങനെ ഇത് തെളിയിക്കാനാകും? വര്‍ഷങ്ങളിലൂടെയുള്ള ജീവിതം അതിന്‍റെ തന്നെ ശാഠ്യങ്ങളും അന്ധവിശ്വാസങ്ങളും അവശേഷിപ്പിക്കുന്നുണ്ട്. പിന്നീട് അത് തിരുത്താനാകില്ല. ആ വിത്ത് പറിച്ചുകളയണമെങ്കില്‍, സ്വയം വിമര്‍ശനവും തിരിഞ്ഞുനോട്ടവും ആവശ്യമാണ്. കാലം നല്‍കിയ വിത്താണ് സ്നേഹം, അല്ലെങ്കില്‍ പശ്ചാത്താപം. അത് നാം ശരിയെന്ന നിലയില്‍ ഏറ്റെടുക്കുകയാണെങ്കിലോ? ഹൃദയത്തിന്‍റെ പരാഗണം ജീവിതകാമനയാകുന്നുവെന്ന്. ജീവിതകാമനയാകുന്നുവെന്ന്. ജീവിതകാമന ജീവിതത്തോടുള്ള പ്രീതിയാണ്. ഹൃദയത്തിന്‍റെ പരാഗണം മറ്റൊരു ഹൃദയത്തോടുള്ള ബന്ധമാണ്. അതായത്, ഒരാള്‍ തന്‍റെയടുത്തുള്ളവനെ എങ്ങനെ കാണുന്നുവെന്ന് തീരുമാനിക്കുന്നത് കാലത്തിന്‍റെ ഈടുവയ്പായി നാം എന്ത് ഉള്‍ക്കൊണ്ടിരിക്കുന്നു എന്നതാണ്.

നമ്മളറിയാതെ നമ്മളില്‍ ഒരു ജൈവബിന്ദു കാലസ്ഥലങ്ങളിലൂടെ യാത്ര ചെയ്യുന്നുവെന്ന് അന്ന് ഞാനെഴുതി. മഹാസാരത്തെക്കുറിച്ചുള്ള ആലോചനകളായി അത് പരിണമിക്കുകയാണ്. ഒരു എഴുത്തുകാരന്‍റെ ഏതാണ്ട് തുടക്കത്തിലുള്ള രചനയില്‍തന്നെ, അവനെ ഭാവിയില്‍ പിടികൂടാനിടയുള്ള ദാര്‍ശനികവ്യഥകളും പ്രാപഞ്ചിക ചിന്തകളും ഭ്രൂണാവസ്ഥയില്‍ തന്നെ ഉള്‍ച്ചോര്‍ന്നിരുന്നു എന്ന് കാണുന്നത് രസാവഹമാണ്. എഴുതുമ്പോള്‍ ഉണര്‍ന്നിരിക്കുന്നത് എഴുത്തുകാരനല്ല; അവന്‍റെ ഏതോ അന്തര്‍ലോകമാണ്. "ലോകത്തിന്‍റെ കറുത്ത ചതുരങ്ങളില്‍ രാത്രിയുടെ ചിത്രമെഴുതി കാലം കഴിയുന്ന പ്രാണയാത്രകളെ ഓര്‍മ്മയില്‍ വീണ്ടെടുക്കുക. ദൈവം മനുഷ്യന്‍റെ പ്രാഥമിക ചിന്തകളില്‍പ്പോലും നൂല്‍പാകിയിരിക്കുന്നത് ഓര്‍ക്കുക." ഈ ഭാഷണമാണ് ഒരാളുടെ അന്തര്‍ലോകങ്ങളെ തൊട്ടുകാണിക്കുന്നത്.

സാമ്പ്രദായിക നിരൂപണം എല്ലാറ്റിന്‍റെയും സുതാര്യതയ്ക്ക് വേണ്ടിയാണ് വാദിക്കുന്നത്. എഴുത്തുകാരന്‍റെ മനസിന്‍റെ മറഞ്ഞിരിക്കുന്ന ലോകങ്ങളെയെല്ലാം അത് തള്ളിക്കളയുന്നു. അതിനേക്കാള്‍ പ്രധാനമാണ് ഒരു കൃതി വായിക്കുന്നവന്‍ മനസില്‍ ഉണ്ടാകുന്ന ഭാവനകള്‍. ഇത് ബോധപൂര്‍വ്വം സൃഷ്ടിച്ചെടുക്കുന്നതല്ല. നിരൂപകന്‍ എന്ന നിലയില്‍ ഒരു വായനക്കാരന്‍ തന്‍റെ വ്യക്തിനിഷ്ഠ യാഥാര്‍ത്ഥ്യത്തെ ഭൂമിക്കടിയില്‍ നിന്ന് ഉയര്‍ത്തിയെടുക്കുകയാണ് ചെയ്യുന്നത്.

ദൈവികത രണ്ടുതരമുണ്ടെന്ന് പറയാന്‍ കഴിഞ്ഞത് എന്‍റെ ആദ്യകൃതിയുടെ മറ്റൊരു അനുഭവമേഖലയായിരുന്നുവെന്ന് ഇപ്പോള്‍ ഓര്‍ക്കുകയാണ്. മനുഷ്യത്വപരമായ ദൈവികതയുമുണ്ട്. ഏതെങ്കിലുമൊക്കെ കുറവുകള്‍ ഉള്ളവരാണ് നാം. എന്നാല്‍ ആ കുറവുകള്‍ വേറൊരു തലോടലാണ്. കാരുണ്യവും സ്നേഹവുമാണ് മനുഷ്യത്വപരമായ ദൈവികതയിലേക്ക് നയിക്കുന്നത്. മനുഷ്യന്‍റെ കുറവ് ദൈവത്തിന്‍റെ പ്രിയതയല്ലെങ്കില്‍ മറ്റെന്താണ്? എല്ലാത്തരം സങ്കീര്‍ണതകളും യുക്തികളും അപഗ്രഥനങ്ങളും നരകമായിതീരുകയില്ലെന്ന് പറയാനൊക്കുമോ? ഈ ഭാഗം നോക്കുക: "വന്നിട്ടുണ്ട്. ശ്രവണേന്ദ്രിയങ്ങളുടെ കൂടാരങ്ങളില്‍ ആളറിയാതെ ആയുസ്സുകള്‍ പിന്നിട്ട മഹര്‍ഷിയുടെ മനസ്സ്. ആ ശരീരത്തിന്‍റെ ഋഷി രക്തചുംബനങ്ങളുടെ നിലവറകളിലൂടെ, വഴിയമ്പലങ്ങളില്‍ ചിതറിവീഴുന്ന ജ്വരവുമായി ഇതാ താണു പറക്കുന്നു. കാക്കകള്‍ ചത്തു കിടക്കുന്നു. ഏകാഗ്രതയുടെ ക്ഷേത്രങ്ങള്‍, പുല്ലുകള്‍ വളര്‍ന്നു നില്‍ക്കുന്ന ദുഃഖത്തിന്‍റെ താഴ്വരകള്‍, കാറ്റിലുലയുന്ന ഭൂതസ്മരണകള്‍, ചോര ചിന്തിക്കൊണ്ട് തലകുത്തി മറിയുന്ന തൃഷ്ണകള്‍, ഇരയെ ചുണ്ടില്‍ കോര്‍ത്തുകൊണ്ട് ലോകത്തിനു മീതെ പറക്കുന്ന അന്തരംഗത്തിന്‍റെ ബുദ്ധന്‍... സംസാരത്തിന്‍റെ അനാഥമാകുന്ന തുരുത്തുകള്‍, പരാതികളില്‍ നിന്നൊഴിഞ്ഞ് ചിന്തകള്‍ക്ക് വെള്ളമൊഴിക്കുക, പകലുകള്‍ വീണുടയുമ്പോള്‍, വ്രണിതജ്വരങ്ങളുടെ ആവനാഴി ശൂന്യമാകുമ്പോള്‍, സ്നേഹവും ദുഃഖവും അനാഥത്വവും കൂടിക്കുഴഞ്ഞ് മഴ പെയ്യുന്നത് കാണാം."
ഈ പദാവലി ലാഭനഷ്ടങ്ങളുടെയും യുക്തിബോധത്തിന്‍റെയോ കള്ളിയില്‍ വീഴാത്തതാണ്. സമാന്തരമായ ഒരാന്തരികബോധത്തിന്‍റെ ലയം എവിടെയോ സംവേദനമാകുകയാണ്. ഒരു നിരൂപകന്‍റെ ഭാഷ ഇങ്ങനെയൊക്കെ ഭാവാര്‍ത്ഥപരവും ഗൂഢ സ്വഭാവമാര്‍ന്നതുമാകേണ്ടതുണ്ടോ? എന്നാല്‍ ഒരാള്‍ മുന്‍കൂട്ടി നിശ്ചയിച്ച ഭാഷയിലല്ല എഴുതേണ്ടത്. ഭാഷ എഴുത്തുകാരനെ വശീകരിച്ചുകൊണ്ടുപോയി ഒരു യാഥാര്‍ത്ഥ്യമാക്കുകയാണ്. ബോധ്യപ്പെടാത്തതെല്ലാം ഭാഷ കൊണ്ടുവരുന്നു. അതുകൊണ്ട്  ഒരു ആരായലിനു ഭാഷയെ ആശ്രയിക്കേണ്ടിവരും. ചിന്തിക്കുന്നതെല്ലാം ഭാഷയിലുണ്ടാവും. എന്നാല്‍ അത് ചിന്തിക്കാത്തതിനെയും ഗര്‍ഭം ധരിക്കുന്നു. നമുക്ക് ചിലപ്പോള്‍ ഒരു തലത്തിലും ലഭിക്കാത്തതാവാം യാഥാര്‍ത്ഥ്യം. നമ്മള്‍ നിലനില്‍ക്കുന്നില്ല എന്ന് തോന്നിപ്പിക്കുന്നതെല്ലാം ഭാഷയില്‍ യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടായിരിക്കണം കവി ഫെര്‍നാന്‍ഡോ പെസ്സോവ (എലൃിമിറീ ജലീമൈ) ഇങ്ങനെ പറഞ്ഞത്: ണല മൃല ശി ൃലമഹശ്യേ ംവമേ റീലിീെേ ലഃശെേ.


"ആദിമ ദര്‍ശനങ്ങളിലേക്ക് സൗഹൃദത്തിന്‍റെ ഒരായിരം ചിറകുകളുമായി ഒരു കിളി പറന്നുവന്നിരിക്കുന്നു"
ചിന്തകളുടെ ഉടലില്‍ നിന്ന് മനസിനെ മോചിപ്പിക്കൂ എന്ന് എഴുതിയത്. 'അനാഥത്വത്തിന്‍റെ മര്‍മ്മരങ്ങള്‍' എന്ന അദ്ധ്യായത്തിലാണ്. ചിന്തകള്‍ അങ്ങനെ സഞ്ചരിക്കുകയാണ്. അവ അവയുടേതായ ലോകം സൃഷ്ടിക്കുകയാണ്. അത് കുറേക്കഴിയുമ്പോള്‍ എവിടെയോ വഴി പിരിഞ്ഞുപോകും. അത് ഏത് ഉടലില്‍നിന്നാണോ ഉയര്‍ന്നു വന്നത് എന്നത് പ്രസക്തമല്ല. ഉടല്‍ എന്നും നശിക്കാനുള്ളതാണ്. മനസ് മോചിപ്പിക്കപ്പെടുകയാണ്; പണ്ട് പൈറോ പറഞ്ഞതുപോലെ, എല്ലാ ദുഃഖങ്ങളില്‍ നിന്നുമുള്ള മോചനമാണത്. ഏത് ചിന്തയാണെങ്കില്‍ ഒരു നാള്‍ അത് മനസിനു ഭാരമോ ദുഃഖമോ ആകാം. അവസാനം മനസ് എല്ലാ വേവലാതികളില്‍ നിന്നുമുള്ള പറിച്ചു നടല്‍ ആഗ്രഹിക്കുന്നു. മനസില്‍ എല്ലാം കെട്ടടങ്ങുമ്പോഴാണ് അതിന്‍റെ യഥാര്‍ത്ഥ രുചി വെളിപ്പെടുന്നതെന്ന് വേദാന്തികള്‍ പറയും. ഇവിടെ അതല്ല സൂചിതമാവുന്നത്. മനസ് ഓരോ നിമിഷവും അതിന്‍റെ നാശം കൊതിക്കുകയും തൊട്ടടുത്ത ആ നിമിഷം ആ ചാമ്പലില്‍ നിന്ന് മറ്റൊന്നായി ഉയര്‍ന്നുവരുകയും ചെയ്യുന്നു. മനസിന് ആശയമില്ലാതെ സംഘര്‍ഷത്തിലേര്‍പ്പെടാന്‍ കഴിയുമോ? എങ്കില്‍ അത് പുതിയൊരു വേദാന്തമാണ്.

"വരുക, ശബ്ദങ്ങളുടെ കടലുകളില്‍ നിന്ന് ചെത്തിപ്പൂക്കളുടെ ഭവനങ്ങളിലേക്ക് തിരിച്ചുവരുക. അനാഥചുറ്റുപാടുകളുടെ ഭൂതകാലത്തില്‍ നിന്ന് വാര്‍ന്നുപൊയ്ക്കൊണ്ടിരിക്കുന്ന ദുഃഖം ഖസാക്കിന്‍റെ നിരതദ്രവ്യങ്ങളില്‍ പരക്കുന്നു."

എല്ലാ വിഷമങ്ങളും ഇല്ലാതാകുമെന്നത് ഭാവനയായിരിക്കാം. അങ്ങനെയൊരവസ്ഥ സാങ്കല്പികമായെങ്കിലും നേടുകയാണെങ്കില്‍ തന്നെ, അപ്പോഴും പുതിയ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നാണ് നവാദ്വൈതം പറയുന്നത്. അപ്പോഴും ആശയങ്ങളും വാക്കുകളും പുതിയ അര്‍ത്ഥങ്ങളിലേക്ക് അവയുടെ നിര്‍മ്മിതികളിലേക്ക് നീങ്ങിക്കൊണ്ടിരിക്കും. അതിന് അന്ത്യമില്ല. അത് ആശയവും സങ്കല്പവുമായി വിപുലപ്പെടും. മൃതാവസ്ഥയിലും അത് പലതരം അര്‍ത്ഥങ്ങളായി ചിതറുന്നു.
ഒരാള്‍ മരിച്ചുകഴിഞ്ഞാല്‍, അയാള്‍ പലര്‍ക്കും പലതായി മാറുകയാണല്ലോ. ഒരാളല്ല മരിക്കുന്നത്, പലരാണ്. ഓരോരുത്തരുടെയും ആശയപരമായ മരണമാണത്. മരണംപോലും കേവല സ്വഭാവമുള്ളതാണ്. ജനിയുടെ മരണമോ? പകലിന്‍റെ, രാത്രിയുടെ മരണമോ? പ്രത്യക്ഷതയുടെ, പ്രകടനാത്മകതയുടെ മരണമോ? വൈകാരികതയുടെ, അറിവിന്‍റെ മരണമോ? ഏത് രീതിയിലും മരണമുണ്ടല്ലോ. എന്നാല്‍ അപ്പോള്‍ തന്നെ ജനിയുമുണ്ട്. അഭാവത്തിന്‍റെ പിറവി, മറവിയുടെ പിറവി, അദൃശ്യതയുടെ പിറവി, അനാത്മീയതയുടെ പിറവി...
"ലൗകികമായ എല്ലാ ധാരണകളില്‍ നിന്നും ആത്മാവിന്‍റെ ഉച്ചാരണങ്ങളെ മോചിപ്പിച്ചുകൊണ്ട് ഏകാന്തദുഃഖങ്ങളുടെ ശരീരത്തെ ആവിഷ്കരിക്കണ"മെന്ന ആഹ്വാനത്തോടെയാണ് അനാഥത്വത്തിന്‍റെ മര്‍മ്മരങ്ങള്‍ അവസാനിക്കുന്നത്. ആത്മാവിന്‍റെ ഉച്ചാരണങ്ങള്‍,  അവധൂതനെപ്പോലെ അലയുന്ന ചുറ്റുപാടില്‍ അനാഥത്വത്തിന് സൗന്ദര്യം കൈവരുകയാണ്.

എല്ലാ മനുഷ്യരെയും പലതരം വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ഭരിക്കുന്നുണ്ട്. ഒരു സുഹൃത്തിനെപ്പറ്റി അഭിപ്രായ രൂപീകരണം നടത്തുന്നതില്‍പ്പോലും അന്ധവിശ്വാസം കടന്നുവരാം. 'വിശ്വാസങ്ങളുടെ കര്‍മ്മം' എന്ന അദ്ധ്യായം മണ്ണില്‍ ആഴ്ന്നിറങ്ങിപ്പോയ സ്മൃതിയെക്കുറിച്ചാണ്. എന്‍റെ ജീവിതം വിശ്വാസവും അതിന്‍റെ തന്നെ നിഷേധവുമായിരുന്നു. ഞാന്‍ എപ്പോഴും പ്രാര്‍ത്ഥിക്കും. കാരണം, ഒന്നും എന്‍റെ നിയന്ത്രണത്തിലല്ലല്ലോ. ഞാന്‍ എപ്പോള്‍ ദേഷ്യപ്പെടുമെന്നോ നാളെ ആരുമായി സ്നേഹബന്ധത്തില്‍ എത്തുമെന്നോ എനിക്കറിയില്ല. നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ ചിലതില്‍ നിന്നെല്ലാം ഒഴിയാന്‍ കഴിഞ്ഞേക്കും. പക്ഷേ, അതിലേറെയാണ് അനിയന്ത്രിതമായ കീഴടങ്ങല്‍. വിശ്വാസം ഒരു കര്‍മ്മമാണ്.

"പ്രവര്‍ത്തനങ്ങളുടെ ജലംകൊണ്ട് അവര്‍ ദുഃഖപരിസരങ്ങളില്‍ ആത്മാവിന്‍റെ സസ്യങ്ങളെ വളര്‍ത്തുന്നു. അതിലൂടെ മുക്തിയുടെ പുതിയ തമസ്സുകള്‍ നിര്‍മ്മിക്കുന്നു."
മോചനവും തമസുതന്നെയെന്ന വിഷാദാത്മകമായ നിഗമനം എവിടെനിന്നു വന്നു.

ഏകാഗ്രതയും ഭഗ്നമാണ്

പൊരുളുകള്‍ ഒന്നൊന്നായി കടന്നുചെന്നപ്പോള്‍ മിഥ്യയില്‍ ചെന്നുമുട്ടിയെന്ന് 'വൃക്ഷാഗ്രങ്ങള്‍' എന്ന അദ്ധ്യായത്തിലെഴുതിയത് ഓര്‍ക്കുകയാണ്. തൃഷ്ണയില്‍ ശാന്തതയുണ്ട്. ശാന്തതയില്‍ തൃഷ്ണയുണ്ട്. ഏകാഗ്രതയില്‍ കിനാവുകളുണ്ട്. വര്‍ത്തമാനം പരിത്യക്തതകള്‍ നിറഞ്ഞതാണ്. ദൈവം അഭയാര്‍ത്ഥിയാണ് തുടങ്ങിയ ആലോചനകള്‍ വന്നിരിക്കുന്നു.

"ഏത് നിരര്‍ത്ഥകതയാണ് മുറിവേറ്റ മനസിന്‍റെ അത്യാഹിതത്തിലേക്ക് പ്രാവായി കടന്നുവരാത്തത്? അറിവുകള്‍ക്കെല്ലാമപ്പുറത്ത്, വ്യഗ്രതകളുടെ തണലില്‍ നുരഞ്ഞു കിടക്കുന്ന അര്‍ത്ഥശൂന്യതകളെല്ലാം പൊള്ളുന്ന ആശങ്കകളുടെ ആലയങ്ങളായി മാറുകയാണ്."

എല്ലാ ചിന്തക്കുഴപ്പങ്ങളും അവസാനം ഒരിടത്ത് എത്തിച്ചേരുന്നു. എല്ലാ സാരങ്ങളും ഒടുവില്‍ എത്തിച്ചേരുന്നതും അവിടെ തന്നെ - മിഥ്യയില്‍. ഈ മിഥ്യയും ദൈവികതയുടെ അസംസ്കൃത വസ്തുവാകുകയാണ്. അറിവ് ഏറുന്തോറും അനാഥത്വവും ഏറുന്നു. എല്ലാറ്റിനെയും ഒരേ നിരപ്പാല്‍ കാണാനായി ദൈവത്തിന്‍റെ കണ്ണുകള്‍ തേടുന്നത്. ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ അനിവാര്യമാണ്. 'പ്രസാദത്തിന്‍റെ പാദങ്ങള്‍' എന്ന അദ്ധ്യായത്തിലെ വാക്യങ്ങള്‍: " സ്വന്തം ഉടലില്‍ സ്പര്‍ശിച്ചു നോക്കിയാല്‍ ലോകത്തിന്‍റെ സ്പന്ദനമറിയാം. ആത്മാവിന്‍റെ ഉടലില്‍ സ്പര്‍ശിച്ചാല്‍ പ്രപഞ്ചസത്തയുടെ അനുരണനങ്ങളറിയാം". ഇതല്ലേ ആത്മായനങ്ങളുടെ ഖസാക്ക്' മുന്നോട്ടുവയ്ക്കുന്ന ദര്‍ശനം?
ആസക്തിയും വിഷാദാത്മകമാണ്. പ്രസാദവും അനാഥത്വവും കൈകോര്‍ത്തുവരുകയാണ്. ആത്മാവിന്‍റെ പ്രിയപ്പെട്ട അംബരമെവിടെയെന്ന് ഈ കൃതിയില്‍ തിരക്കുന്നുണ്ട്. അത് ജമന്തിപ്പൂക്കളില്‍, ഗന്ധത്തില്‍, നിലാവില്‍, ഓര്‍മ്മകളില്‍ ആകെ വ്യാപിച്ചിരിക്കുന്നു.
ആത്മായനങ്ങളുടെ ഖസാക്കിലെ വിഷാദാത്മകത വേറൊന്നായി മാറുന്നതുപോലെ തോന്നുന്നു. ഈ ഭാഗം നോക്കുക: കൗതുകങ്ങളുടെ കഴുക്കോലുകള്‍, പ്രജ്ഞയുടെ ദ്രവിച്ച പെട്ടികള്‍, മണ്‍കട്ടകള്‍ കൊണ്ട് നിര്‍മ്മിച്ച ഹൃദയത്തിന്‍റെ ചുമരുകള്‍, വിഷാദത്തിന്‍റെ ഗോതമ്പുമണികള്‍, ഓര്‍മ്മകളുടെ ഉണങ്ങിയ ശിഖരങ്ങള്‍, മൗനത്തിന്‍റെ കുതിര്‍ന്ന വാതിലുകള്‍, ഏകാന്തതയുടെ അലോസരമുണര്‍ത്തുന്ന പാട്ട്, നിസ്സഹായതയുടെ വേദനപകരുന്ന പുഷ്പം, അനാഥത്വത്തിന്‍റെ നോവു പടര്‍ത്തുന്ന സസ്യങ്ങള്‍, ഉത്കണ്ഠയുടെ കരച്ചിലുണര്‍ത്തുന്ന കാറ്റ്, കാലത്തിന്‍റെ പ്രപഞ്ചം കാണിച്ചുതരുന്ന സ്ഥലപരത." ഇത് യുക്തിയുടെ ലോകമല്ല, ഇന്ദ്രിയാത്മകവും മതനിരപേക്ഷവുമായ ചിന്തകളുടെ ആകെത്തുകയാണ്.
"സംഭവങ്ങളും നിശ്ശബ്ദതകളും വാക്കുകളും പ്രവൃത്തികളും അന്യോന്യം വേഷം മാറി കളിക്കുന്ന ആത്മഭൂമി'യെന്ന് ഞാന്‍ വിളിച്ചത് മാനസികമായ ഒറ്റപ്പെട്ട വിചിത്രമായ ഒരവസ്ഥയെയാകുമോ? ഭൂതാവിഷ്ടമായ തലത്തില്‍ ഒരു വിമര്‍ശകന്‍റെ ഭാഷ മാറുകയാണെങ്കില്‍, അവിടെ ചര്‍ച്ചചെയ്യപ്പെടുന്നത് നോവലോ കവിതയോ ആകട്ടെ. അത് തിരോഭവിക്കുക തന്നെചെയ്യും.

  'അറിവിനുള്ളിലെ ദേവന്‍' എന്ന അദ്ധ്യായത്തില്‍, ഈ ഉള്‍ഭ്രാന്തി സീമാതീതമാകുന്നു." ആത്മസംഘര്‍ഷങ്ങളുടെ പൊട്ടിയൊലിക്കുന്ന പകലുകളും രാത്രികളും അലറിക്കൊണ്ട് ലോകത്തിന്‍റെ ശരീരത്തിലേക്ക് ചാടിവീഴുകയാണ്."
നന്മതിന്മകള്‍ മാഞ്ഞുപോകുന്നതായി മനസ് അറിയുന്ന ഒരു നിമിഷമുണ്ട്. നന്മതിന്മകള്‍ക്കപ്പുറത്ത് ഉണ്ടാകുന്ന വേദനയ്ക്ക് അനൈഹികമായ ഒരു നിലനില്പുണ്ടാകും. ലോകം തിരോഭവിക്കുന്ന ബിന്ദുവാണത്.
  അറിവിലൂടെ മുക്തിയിലേക്കെത്തുന്ന സാത്വികതയുടെ കൃഷ്ണപഞ്ചമികള്‍ തിന്മയില്‍പ്പോലുമുണ്ടെന്ന് ഞാനെഴുതിയപ്പോള്‍, വൈരാഗിയായ ഒരുവന്‍റെ ശാന്തത നേടിയിരുന്നോ?
"വാക്കുകള്‍ തോടുപൊട്ടിച്ച് കടന്നു വരുന്നു. വാക്കുകള്‍ക്കും മാന്ത്രികതയുണ്ട്. മൗനങ്ങള്‍ ശരീരങ്ങള്‍ക്കപ്പുറത്തുള്ള കാലത്തിലേക്ക് പെറ്റുവീഴുന്നു." സപ്തസ്വരങ്ങളുടെ വിഷാദം എന്ന അവസാനത്തെ അദ്ധ്യായത്തിലെ വാക്യമാണിത്. വാക്കുകള്‍ നമ്മെ എവിടെയൊക്കെയോ എത്തിക്കുന്നു. അറിവ് സപ്തസ്വരങ്ങളുടെയും വിഷാദമായതായി അനുഭവിക്കുകയാണ്. ലോകം കൈ വിരലുകള്‍ക്കിടയിലൂടെ താഴേക്ക് വീഴുന്നപോലെ. കുപ്പുപറ്റിയ വേരുകളുള്ള ഒരു മാവിനെ നോവലില്‍ കാണുന്നു. നോവല്‍ തീരാറാവുമ്പോള്‍ ഗ്രാമീണര്‍ വസൂരിക്കലകളുള്ളവരായി മാറുന്നു. ഇതില്‍ നിന്ന് ഞാന്‍ വായിച്ചത്, ആ മാവും മനുഷ്യരും ഒന്നുപോലെയാണെന്നും അതില്‍ ഒരു ദൈവികത സംവാദയോഗ്യമാകുന്നുവെന്നുമാണ്. ഇടിഞ്ഞു പൊളിഞ്ഞു കിടന്ന പണികള്‍ പ്രാചീനതയുടെ ഉടുക്കിനുസമാനമാണെന്ന് എനിക്ക് എഴുതേണ്ടി വന്നത് ഈ സംവാദാത്മകത കൊണ്ടാകാം. 
    

ആകാശം എല്ലാവരെയും
സ്നാനപ്പെടുത്തുന്നു

"സഹനങ്ങള്‍ ദൈവത്തിന്‍റെ ജലാശയം സൃഷ്ടക്കാം"
ആത്മായനങ്ങളുടെ ഖസാക്ക് എന്‍റെ തന്നെ അവ്യക്തമായ ആന്തരലോകമാണ് ആവിഷ്കരിച്ചത്. അത് ഖസാക്കിന്‍റെ ഇതിഹാസത്തെക്കുറിച്ചുള്ള ഒരു പഠനമാണെന്നത് ക്ലിനിക്കലായി ശരിയാണ്. പക്ഷേ, അത് ഞാനാണ്. എന്നെക്കുറിച്ചാണത്. എന്നെയാണ് ഞാന്‍ തേടിയത്. എഴുതുന്ന വേളയില്‍ എന്‍റെ അവ്യക്തതകള്‍ ഒരു വലിയ മഞ്ഞുമലപോലെ പ്രതിബന്ധമായി. എങ്ങോട്ടാണ് എഴുതി സഞ്ചരിക്കേണ്ടതെന്ന ചോദ്യമുണ്ടായി. എന്‍റെ ചിന്തകള്‍ എന്ന് പറയുന്നതെന്താണ്? അത് ഞാന്‍ തന്നെയാണോ? എന്നിലെ എന്നെ സ്ഥിരമായി നിലനിര്‍ത്തുന്നതെന്താണ്? ഇതെല്ലാം ഒരു വാക്യത്തിലോ ഖണ്ഡികയിലോ പറയാനാവില്ല. അതുകൊണ്ടാണ് ഞാന്‍ ആത്മായനങ്ങളുടെ ഖസാക്ക് എഴുതിയത്.

എനിക്ക് സായംസന്ധ്യകളെ നോക്കാന്‍ കഴിയും

ഒ.വി. വിജയന്‍ സായാഹ്നയാത്രകളുടെ അച്ഛാ എന്ന് വിളിക്കുന്നുണ്ട്. സായാഹ്ന യാത്രകള്‍ ഒരു വിടുതലാണ്. അവനവനില്‍ നിന്നുള്ള യാത്രകള്‍ അവിടെയുണ്ട്. എന്നാല്‍ അതിനെക്കുറിച്ചെഴുതിയപ്പോള്‍ ഞാന്‍ എന്‍റെ സായാഹ്നദര്‍ശനങ്ങളും യാത്രകളും തേടിപ്പിടിച്ചു. ഏതൊരാള്‍ക്കും ദര്‍ശനങ്ങളുണ്ട്. പക്ഷേ അത് പുറത്തുവരണമെന്നില്ല. ആകാശം എല്ലാവരെയും സ്നാനപ്പെടുത്തുന്നു. പക്ഷേ അതിന്‍റെ പൊരുള്‍ വേര്‍തിരിച്ചെടുക്കാന്‍ ഭാഷവേണം. ഭാഷയില്ലാത്തവര്‍, വികാരത്തിന്‍റെ ആഘാതത്തില്‍ വീണുപോയേക്കാം.
ഭാഷയുണ്ടെങ്കില്‍ നമുക്ക് മറ്റൊരു രീതിയില്‍ ജീവിക്കാം. കവിക്കായാലും വിമര്‍ശകനായാലും അനുഭൂതിയെ പുനഃസൃഷ്ടിക്കാന്‍ ഭാഷവേണം. ഭാഷയുള്ളതുകൊണ്ടാണ് കവി നില്‍നില്‍ക്കുന്നത്. അസ്തമയത്തെ ഭാഷകൊണ്ടാണ് ഞാന്‍ അളന്നത്. എന്‍റെ അനുഭവം എന്‍റെ ഭാഷയാണ്. ഭാഷ നമ്മുടെ വിദൂരഗേഹമാണ്. അവിടേക്കെത്താന്‍ നാം യത്നിക്കണം. അതിനാണ് എഴുതുന്നത്. എല്ലായ്പ്പോഴും ഒരു തീവണ്ടിയുടെ ചക്രങ്ങള്‍ പാളത്തിലെന്നപോലെ കൃത്യമായി പറ്റിച്ചേര്‍ന്നിരിക്കാന്‍ വാക്കുകള്‍ക്ക് കഴിയണമെന്നില്ല. വാക്കുകളുടെ ചക്രങ്ങള്‍ പറ്റിച്ചേരേണ്ടത് അനുഭവം എന്ന പാളത്തിലാണ്. ഇതില്‍ കൃത്യത പാലിക്കാന്‍ കഴിയാതെ വരുമ്പോള്‍ എഴുതുന്നത് പാളം തെറ്റും.
എന്‍റെ ഭാഷകൊണ്ട് ഞാന്‍ എന്നെക്കുറിച്ചുള്ള ആലോചനകള്‍ നിര്‍മ്മിച്ചെടുത്തു. എന്‍റെ ഭാഷ എന്നേക്കാള്‍ പ്രബുദ്ധമാണെന്ന വസ്തുതയുണ്ട്. അത് എന്നെക്കാള്‍ പുരാതനവും സംസ്കൃതവും നവീനവുമാണ്. അതിന്‍റെ ധ്വനികളും അലകളും പൂര്‍ണമായി ഗ്രഹിക്കാനും പ്രയാസമാണ്. എങ്കിലും ഞാന്‍ 'ആത്മായനങ്ങളുടെ ഖസാക്കി'ല്‍ എഴുതി: "ഭോഗാലസ്യത്തില്‍, ഓര്‍മ്മകളുടെ മഞ്ഞില്‍, അകലെ ഖസാക്ക് ചലനമറ്റുവെന്ന് സൂചിതമാവുന്നു. ഇവിടെ മനുഷ്യരും വസ്തുക്കളും എല്ലാം അപ്രത്യക്ഷമായി. ഖസാക്കിന്‍റെ വിലോലമായ തന്ത്രികളുണര്‍ത്തിയ ജീവിതരതിയാണ് തെളിയുന്നത്. ഖസാക്ക് പ്രത്യക്ഷങ്ങള്‍ക്കുപരിയായി ആസക്തമായ ജൈവശരീരമാണെന്ന് നാമറിയുന്നു. അറിവിന്‍റെ ദേവനിലേക്ക് അഭയാര്‍ത്ഥിയായി നീങ്ങുന്ന ഖസാക്കിന്‍റെ പ്രാര്‍ത്ഥന സുരതത്തിന്‍റെ പ്രവര്‍ത്തനശാലയായി മാറുകയാണ് ചെയ്തത്. സുരതം അറിവിന്‍റെ ക്ഷേത്രങ്ങള്‍ കൊണ്ട് മര്‍ത്ത്യനെ നവീകരിക്കുന്നു." ഈ ഭാഷ എന്‍റെ സര്‍വകലാശാല പഠനത്തിന്‍റെ സംഭാവനയല്ല; ആന്തരികതയുടെ സ്വഭാവത്തില്‍ നിന്നുണ്ടായതാണ്. ഒരു സ്കൂളിലും ഉള്‍പ്പെടാത്ത ഈ ഭാഷ പ്രത്യേക അര്‍ത്ഥം ഉല്പാദിപ്പിക്കുന്നുണ്ടോ എന്നറിയില്ല. അല്ലെങ്കില്‍തന്നെ, അര്‍ത്ഥം എന്താണ്? അര്‍ത്ഥം അറിയാമായിരുന്നെങ്കില്‍ അതുമാത്രം എഴുതിയാല്‍ മതിയായിരുന്നല്ലോ. ഏതോ കാലത്തിന്‍റെ അറിയാത്ത ഇടനാഴിയില്‍വച്ച് ഞാന്‍ എന്നെ അറിയുന്നതിന്‍റെ ഭാഷാപരമായ വീണ്ടെടുപ്പും അറിവുമാണ് ഇവിടെ തെളിയുന്നത്. ഇനി വ്യാഖ്യാനമെല്ലാം ഭാഷകൊണ്ടുമാത്രമേ സാധിക്കൂ എന്ന് അറിയണം. പക്ഷേ ഈ ഭാഷ എന്‍റെ വൈയക്തികമായ ഒരു ആന്തരലാവണ്യത്തിന്‍റെ സൃഷ്ടിയാണ്. എന്‍റെ അറിവുകളെ സൗന്ദര്യാത്മകമാക്കുന്നത് ഈ ഭാഷയാണ്. അതുകൊണ്ട് ഭാഷയില്‍ ഞാന്‍ ജീവിച്ചിരിക്കുന്നു. അസ്തിത്വത്തിന്‍റെ പ്രധാനഗുണം അത് പൂര്‍ണമായി ഒരിക്കലും അനാവൃതമാകുന്നില്ല എന്നതാണ്. അതിനെ അല്പാല്പമായി കണ്ടെത്താനാണ് എഴുതുന്നത്. നോവലിസ്റ്റ് മാത്രമല്ല, വിമര്‍ശനകനും ആ വഴിക്ക് നീങ്ങേണ്ട സന്ദര്‍ഭമുണ്ട്. ആത്മായനങ്ങളുടെ ഖസാക്ക് അതിന്‍റെ പാതയാണ് ചൂണ്ടിക്കാണിച്ചുതരുന്നത്.
ഒരുഭാഗം എടുത്തെഴുതുകയാണ്: അറിവിന്‍റെ ഏത് മുനയിലാണ് ലോകം തിരോഭവിക്കുന്നത്? ശരീരത്തിലെ രക്തം മുഴുവന്‍ വിരല്‍ത്തുമ്പുകളിലും ചുമലിലുമായി ഒഴുകിക്കൂടുന്നപോലെ. വിരലുകള്‍ അടര്‍ന്നുലഞ്ഞ് താഴെ വീഴുന്നതുപോലെ.
ഇത് എന്‍റെ ഭാഗമാണ്. എന്‍റെ ജീവിതത്തിന്‍റെ അജ്ഞാതത്വത്തെ പിന്തുടര്‍ന്നു ചെല്ലുന്ന ഭാഷാപരമായ യാത്ര.

home

No comments:

Post a Comment

ആത്മായനങ്ങളുടെ ജനിതകം/എം കെ ഹരികുമാർ

    ആത്മായനങ്ങളുടെ ജനിതകം-  'ആത്മായനങ്ങളുടെ  ഖസാക്കി'നെക്കുറിച്ചുള്ള  മറ്റൊരു കൃതി   1984 ൽ എഴുതിയ, എൻ്റെ 'ആത്മായനങ്ങളുടെ ഖസാക്ക...